Home > പത്രക്കുറിപ്പ്, വിക്കിപീഡിയ, സാങ്കേതികം > മലയാളം വിക്കിപീഡിയ സി.ഡി. വിമർശനം – പത്രക്കുറിപ്പ്

മലയാളം വിക്കിപീഡിയ സി.ഡി. വിമർശനം – പത്രക്കുറിപ്പ്

വിദ്യാഭ്യാസ വകുപ്പിന്റെ വിഭവ ഡി.വി.ഡി.യിൽ ഉൾപ്പെടുത്തിയ മലയാളം വിക്കിപീഡിയ ലേഖനങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചില കോണുകളിൽ നിന്ന് ഉയർന്നു വന്ന വിമർശനത്തിനുള്ള മലയാളം വിക്കിപീഡിയ പ്രവർത്തകരുടെ ഔദ്യോഗിക മറുപടി.

വിക്കിപീഡിയ ആർക്കും തിരുത്താവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശമാണ്‌. ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ അടഞ്ഞ ഒരു മുറിക്കുള്ളിലിരുന്ന് എഴുതുന്നതല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള വിക്കിപീഡിയ പ്രവർത്തകർ (അല്ലാത്തവരും) പലപ്പോഴായി സൃഷ്ടിച്ചിട്ടുള്ളവയാണ്‌ വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും. മലയാളം വിക്കിപീഡിയയുടെ സ്ഥിതിയും വ്യത്യസ്തമല്ല.
മലയാളം വിക്കിപീഡിയ സി.ഡിക്കു വേണ്ട ലേഖനങ്ങളുടെ തെരഞ്ഞെടുപ്പ് തികച്ചും സുതാര്യമായ രീതിയിലാണ്‌ നടത്തിയത്. മലയാളം വിക്കിപീഡിയയിലും, മലയാളം വിക്കിപീഡിയയുടെ മെയിലിങ്ങ് ലിസ്റ്റിലും ഇതേക്കുറിച്ചുള്ള അറിയിപ്പുകൾ ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഒരു കൂട്ടം പ്രവർത്തകർ അവരുടെ സൗകര്യവും സാഹചര്യവും സമയവും കണക്കിലെടുത്ത് വിക്കിപീഡിയയുടെ നയങ്ങൾക്കനുസരിച്ച് സന്നദ്ധപ്രവർത്തനത്തിലുടെ രൂപപ്പെടുത്തുന്ന വിജ്ഞാനകോശമായതിനാൽ, ഒരു വിഭാഗത്തിലുള്ള ലേഖനം വന്നതിനു ശേഷമേ അടുത്ത വിഭാഗത്തിലുള്ള ലേഖനം വരാവൂ എന്നോ, ഒരു ലേഖനം വന്നതു കൊണ്ട് അതേ വിഭാഗത്തിലുള്ള എല്ലാ ലേഖനവും വരണമെന്നോ ഞങ്ങൾക്ക് നിഷ്കർഷിക്കുവാൻ സാദ്ധ്യമല്ല. അതുപോലെ തുടങ്ങിയ ഒരു ലേഖനം സമയബന്ധിതമായി പുർത്തിയാക്കിയിരിക്കണം എന്ന് ആരേയും നിർബന്ധിക്കാനുമാവില്ല. ഇതൊക്കെ കൊണ്ടുതന്നെ ‌ സി.ഡി ക്കു വേണ്ട ലേഖനങ്ങൾ തെരഞ്ഞെടുക്കൽ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. സി.ഡി. യിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ പ്രതിനിധ്യസ്വഭാവമുള്ളതോ അവശ്യവിഷയങ്ങൾ ഉൾക്കൊള്ളുന്നവയോ ആണെന്ന് മലയാളം വിക്കിപീഡിയ പ്രവർത്തകർ അവകാശപ്പെടുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ ഏതെങ്കിലും രീതിയിലുള്ള പക്ഷപാതം വരാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്.
മലയാളം വിക്കിപീഡിയ സർക്കാർ ഉൾപ്പെടെയുള്ള ഏതെങ്കിലും സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ യാതൊരുവിധ ഇടപെടലുകൾക്കും വിധേയമല്ല. വിവിധ രാഷ്ട്രീയകക്ഷികളിലും മതങ്ങളിലും വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെടുന്നവരും മലയാളം വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഏതെങ്കിലും രീതിയിൽ പക്ഷപാതപരമായ തിരുത്തലുകൾ ഉണ്ടായാൽ സമവായത്തിലൂടെ എത്രയും പെട്ടെന്ന് നീക്കംചെയ്യാനും നടപടിയെടുക്കാനും തക്ക ശക്തമാണ്‌ ഇതിന്റെ കാര്യനിർവ്വണമെന്നത് ആർക്കും പരീക്ഷിച്ചറിയാവുന്നതാണ്‌. അഥവാ എവിടെയെങ്കിലും അങ്ങനെ തോന്നുകയാണെങ്കിൽ ആർക്കും ഉചിതമായ തിരുത്തലുകൾ വരുത്തുകയോ സംവാദത്താളിൽ അതുസംബന്ധിച്ച പ്രശ്നം ഉന്നയിക്കുകയോ ചെയ്യാവുന്നതാണ്‌. ലേഖനങ്ങളിലെ പിഴവുകളുടെ കാര്യത്തിലും ഇതേ രീതിതന്നെയാണ്‌ സ്വീകരിക്കേണ്ടത്.
ഒരു വിജ്ഞാനകോശം എന്ന നിലയിൽ ഉൾപ്പെടേണ്ട ഏതൊരു ഉള്ളടക്കത്തെയും വിക്കിപീഡിയ സെൻസർ ചെയ്യുന്നില്ല. മലയാളം വിക്കിപീഡിയ ഐ.ടി.അറ്റ് സ്കൂളിന്റെ സഹകരണത്തോടെ പുറത്തിറക്കിയ സി.ഡി.യിലും ഇതേ നയമാണ്‌ സ്വീകരിച്ചത്. മലയാളം വിക്കിപീഡിയയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു ആ സംരംഭത്തിന്റെ ഉദ്ദേശ്യം. അദ്ധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ സഹായപ്പെടുന്ന ഒരു പഠനസഹായി ഉദ്ദേശിച്ചായിരുന്നില്ല പ്രസ്തുത സി.ഡി.യുടെ പ്രസിദ്ധീകരണം. ആ രീതിയിൽ അത് ഉപയോഗിക്കാനാവില്ലെന്ന് ഞങ്ങൾ സമ്മതിക്കുന്നു. മലയാളം വിക്കിപീഡിയയെ കുട്ടികൾക്കും അദ്ധ്യപകർക്കും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്‌ അത് സർക്കാർ അദ്ധ്യാപകർക്കായുള്ള ഡി.വി.ഡി.യിൽ ഉൾപ്പെടുത്തിയത്. ഉറവിടം നൽകിക്കൊണ്ട് വിക്കിപീഡിയയിലെ ഉള്ളടക്കം ഏതാവശ്യത്തിനും ആർക്കും ഉപയോഗിക്കാൻ സാധിക്കുന്നതാണ്‌. അത് വിക്കിപീഡിയയെ സംബന്ധിച്ച കാര്യമല്ല.
2010 ഏപ്രിൽ 17നു്, എറണാകുളത്തു് വച്ചു് നടന്ന മൂന്നാമത് മലയാളം വിക്കിസംഗമത്തോടനുബന്ധിച്ചാണു്, മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള 12,000 ത്തോളം ലേഖനങ്ങളിൽ നിന്നു് മികച്ച 500-ഓളം ലേഖനങ്ങൾ തിരഞ്ഞെടുത്ത്, സിഡി ആയി ഇറക്കിയത്. ഈ സംരംഭത്തിലൂടെ ഇന്ത്യൻ ഭാഷകളിൽ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആദ്യത്തെ ഭാഷയായി മലയാളം മാറി. ലോകഭാഷകളിൽ തന്നെ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആറാമത്തെ ഭാഷ ആണു് മലയാളം. ജർമ്മൻ, ഇംഗ്ലീഷ്, പോളിഷ്, ഫ്രെഞ്ച്, ഇറ്റാലിയൻ എന്നീ ഭാഷകൾ ആണു് ഇതിനു് മുൻപ് വിക്കിപീഡിയ സിഡി പുറത്തിറക്കിയത്. വിക്കിപീഡിയ സിഡിയുടെ കാര്യത്തിൽ മലയാളം നടത്തിയ ചെറിയ ചുവടുവെപ്പ് ഇന്ന് മറ്റുള്ള എല്ലാ ഭാഷകൾക്കും മാതൃകയായി തീർന്നു.
മലയാളം വിക്കിപീഡിയയിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളുന്നതും നിഷ്പക്ഷവുമായ 500 ലേഖനങ്ങളാണ്‌ സി.ഡിയിൽ ഉൾക്കൊള്ളിച്ചത്. ഈ ലേഖനങ്ങൾ തിരഞ്ഞെടുത്തതും വിക്കിപീഡിയയിലെ സന്നദ്ധപ്രവർത്തകരുടെ ഒരു സംഘമായിരുന്നു. തെരഞ്ഞെടുത്ത ലേഖനങ്ങൾ എല്ലാം തന്നെ പൂർണ്ണമാണെന്നും അവ നൂറു ശതമാനം ശരിയാണെന്നും ഞങ്ങൾ അവകാശപ്പെട്ടിരുന്നില്ല. കാരണം വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും നിരന്തരമായി തിരുത്തപ്പെടുന്നവയാണ് എന്നതു തന്നെ.
സമകാലികപ്രസക്തിയുള്ള ലേഖനങ്ങൾ സി.ഡിയിലേക്ക് തെരഞ്ഞെടുത്തപ്പോൾ ഞങ്ങൾ നേരിട്ട ഒരു പ്രതിസന്ധി അവയുടെ ഉള്ളടക്കം സമകാലീനമായിരുന്നില്ല എന്നതായിരുന്നു. ഇത്തരം ലേഖനങ്ങൾ പുതുക്കുന്നതിനു താല്പര്യമുള്ള ഉപയോക്താക്കളുടെ എണ്ണക്കുറവു തന്നെയാണ്‌ ഇതിനുള്ള പ്രധാന കാരണം.അടൂർ ഗോപാലകൃഷ്ണൻ, പ്രേംനസീർ തുടങ്ങിയ ലേഖനങ്ങളിൽ ആവശ്യത്തിനു് ഉള്ളടക്കം ഇല്ലാത്തത് കൊണ്ടാണു് അവ നിലവിലെ 500 ലേഖനങ്ങളിൽ ഉൾപ്പെടുത്താൻ കഴിയാതെ വന്നത്. ഇങ്ങനെ ഉള്ളടക്കം ഒട്ടും ഇല്ലാത്തതിനാൽ ഉൾപ്പെടുത്താൻ കഴിയാതിരുന്ന നിരവധി ശ്രദ്ധേയ വ്യക്തികൾ ഉണ്ടു്. ഒരു ഉദാഹരണം യേശുദാസ് തന്നെ. മലയാളം വിക്കിപീഡിയ തുടങ്ങി 7 വർഷത്തിനു ശേഷവും മലയാളികളാകെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രശസ്തരായ മലയാളികളെക്കുറിച്ചുള്ള ലേഖനങ്ങളിൽ പോലും ആവശ്യത്തിനു് ഉള്ളടക്കം ഇല്ല എന്നത് ദൗർ‌ഭാഗ്യകരമാണ്. ഇവിടെയാണു് ഈ വിഷയത്തിൽ കൂടുതൽ അറിവുള്ള ആളുകൾ മലയാളം വിക്കിപീഡിയയിൽ വന്ന് ഇത്തരം ലേഖനങ്ങളുടെ ഉള്ളടക്കം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യം തെളിയുന്നത്. ഇതിനായി എല്ലാ മലയാളികളേയും ഞങ്ങൾ ക്ഷണിക്കുന്നു.
മലയാളം വിക്കിപീഡിയയെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമാണു്:
• മലയാളത്തിൽ സ്വതന്ത്രമായ വിജ്ഞാനശേഖരം മലയാളം വിക്കിപീഡിയയല്ലാതെ വേറെയില്ല.
• മലയാളം വിക്കിപീഡിയയെപ്പറ്റി ഓഫ്‌ലൈൻ ആയി പരാമർശിക്കുന്നതിന്‌ ഈ സി.ഡി.യല്ലാതെ വേറെ എളുപ്പവഴിയില്ല (മികച്ച ലേഖനം കിട്ടുമെന്നതുകൊണ്ടും, അത് ഓഫ്‌ലൈൻ ആയി പ്രദർശിപ്പിക്കാനുള്ള സൗകര്യമുള്ളതുകൊണ്ടും)
• മലയാളം വിക്കിപീഡിയയുടെ സി.ഡി., ഇമേജ് ആയി ഡൗൺലോഡ് ചെയ്യാവുന്ന രീതിയിൽ നൽകിയിരിക്കുന്നതിനാൽ; ഇതിലുള്ള 500 ലേഖനങ്ങളിൽ നിന്നും പിന്നെയൊരു തിരഞ്ഞെടുപ്പ് നടത്തി പ്രസിദ്ധീകരിക്കാനാകില്ല.
സി.ഡിയോടൊപ്പം ഞങ്ങൾ ചേർത്ത ബാദ്ധ്യതാനിരാകരണം എന്ന താളിൽ നിന്നുള്ള ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കട്ടെ.
• ഈ വിജ്ഞാനകോശ സി.ഡി.യുടെ പിന്നിൽ പ്രവർത്തിച്ചവരോ വിക്കിപീഡിയയോ ഇവിടെ കിട്ടുന്ന വിവരങ്ങളുടെ യാതൊരു ഗുണമേന്മാ ഉത്തരവാദിത്തവും വഹിക്കുന്നതല്ല. ഈ സി.ഡി.യിലെ വിവരങ്ങൾ താങ്കൾക്ക് ഉപയോഗപ്പെടുന്നുണ്ടെങ്കിൽ നല്ലത്, ഇല്ലെങ്കിൽ അതിനു് ആരും ഉത്തരവാദികളല്ല. മറ്റ് വിജ്ഞാനകോശങ്ങളും ഇതേപോലുള്ള നിരാകരണങ്ങൾ നൽകുന്നുണ്ടെന്നു് ശ്രദ്ധിക്കുക.
• വിജ്ഞാനകോശ ലേഖനങ്ങൾ തിരഞ്ഞെടുക്കാനും, വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളെ ആശ്രയിക്കാനും ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. വിക്കിപീഡിയയിൽ അത് തിരുത്തുന്നവരുടെ സജീവമായ സമൂഹം വിവിധമാർഗ്ഗങ്ങൾ ഉപയോഗിച്ച് പുതിയതോ മാറ്റംവന്നതോ ആയ ഉള്ളടക്കത്തെ സാധ്യമായത്രയും പരിശോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിക്കിപീഡിയയോ ഈ സി.ഡി.യിലെ ലേഖനങ്ങളോ ഒരു ഏകീകൃത സഹവർത്തിത സംശോധനത്തിനു പാത്രമായിട്ടില്ല; തെറ്റുകളെ അഭിമുഖീകരിക്കുന്ന വായനക്കാർ തന്നെ അവ തിരുത്തുകയോ ലളിതമായി സംശോധനം ചെയ്യുകയോ ആണ് ചെയ്തിട്ടുണ്ടാവുക, അപ്രകാരം ചെയ്യണം എന്നതിന് അവർക്ക് നിയമപരമായി യാതൊരു ബാദ്ധ്യതയുമില്ല, അതുകൊണ്ട് ഈ സി.ഡി.യിൽ ലഭ്യമായ വിവരങ്ങളൊന്നും പ്രത്യേക ഉപയോഗത്തിനു യോഗ്യമെന്നോ, മറ്റെന്തിനെങ്കിലുമോ ഉള്ള യാതൊരു ഗുണമേന്മ ഉത്തരവാദിത്തവും ഉൾക്കൊള്ളുന്നില്ല.
• ഈ സി.ഡി.യിലെ കൃത്യമല്ലാത്തതോ തെറ്റോ ആയ വിവരങ്ങൾ, താങ്കൾ ഉപയോഗിക്കുന്നതു മൂലമുണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങൾക്ക് ഇതിനാവശ്യമായ സേവനങ്ങൾ ചെയ്തുതന്നവരോ, സാമ്പത്തികബാദ്ധ്യത വഹിക്കുന്നവരോ, വിക്കിപീഡിയയിലെ കാര്യനിർവാഹകരോ, ലേഖനങ്ങളിൽ തിരുത്തലുകൾ നടത്തിയവരോ, സി.ഡി.യിലെ ലേഖനങ്ങൾ തിരഞ്ഞെടുത്തവരോ, വിക്കിപീഡിയയുമായോ ഈ സി.ഡി.യുമായോ ബന്ധപ്പെട്ട ആരെങ്കിലുമോ ബാദ്ധ്യസ്ഥരല്ല.
2010 ജൂലൈ 9 മുതൽ 11 വരെ പോളണ്ടിൽ വച്ച് നടന്ന വിക്കിപ്രവർത്തകരുടെ അന്താരാഷ്ട്ര സമ്മേളനമായ വിക്കിമാനിയയിലെ ഒരു പ്രധാന ആകർഷമായിരുന്നു മലയാളം വിക്കിപീഡിയ സിഡിയും, സന്തോഷ് തോട്ടിങ്ങൽ എന്ന മലയാളം വിക്കിപ്രവർത്തകൻ അത് തയ്യാറാക്കാൻ വേണ്ടി നിർമ്മിച്ച wiki2cd എന്ന സൊഫ്റ്റ്‌വെയറും. വിക്കിപീഡിയ സ്ഥാപകരിൽ ഒരാളായ ജിമ്മി വെയിൽ‌സ് തന്റെ പ്രസംഗത്തിൽ ഇക്കാര്യം എടുത്ത് പറയുകയും ചെയ്തു. വിക്കിപീഡിയയിലെ ഉള്ളടക്കം ജനങ്ങളിലേക്ക് എത്തിക്കാൻ വിക്കിപീഡിയകൾ നടത്തേണ്ടുന്ന ശ്രമം വിവരിക്കാൻ തുടങ്ങിയപ്പോൾ മലയാളം വിക്കിപീഡിയ സിഡി കൈയ്യിലെടുത്തു കൊണ്ട് എനിക്ക് ഈ വിഷയത്തിൽ ഇന്ത്യയിലെ ഒരു ചെറിയ ഭാഷ നടത്തിയ മുന്നേറ്റം നിങ്ങളുമായി പങ്കു വെക്കാൻ സന്തോഷമുണ്ടു് എന്ന് പറഞ്ഞ് സിഡി ഉയർത്തിക്കാട്ടി, മലയാളം വിക്കി സമൂഹം സിഡി പുറത്തിറക്കിയ കഥയും അതിനു് വിക്കിസമൂഹം നടത്തിയ പ്രയത്നങ്ങളും പുറത്തുവിട്ടു. അവിടെ കൂടിയിരുന്നവരിൽ പലരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ഈ വാർത്തയെ സ്വീകരിച്ചു.
മലയാളം കമ്പ്യൂട്ടിങ്ങിൽ ഉണ്ടായ ഈ കുതിച്ചു ചാട്ടത്തിലേയ്ക്ക് മലയാളഭാഷയിലുള്ള മാദ്ധ്യമങ്ങളുടെ ശ്രദ്ധ ഇനിയുമേറെ പതിയേണ്ടിയിരിക്കുന്നു. കുറഞ്ഞപക്ഷം, സേവനമനസ്കരായ ഏതാനും മലയാളഭാഷാസ്നേഹികൾ (അതിൽ ഭൂരിപക്ഷവും പ്രവാസി മലയാളികൾ) മുൻ‌കൈയെടുത്ത് പുറത്തിറക്കിയ സിഡിയെക്കുറിച്ച് വിക്കിപീഡിയ എന്താണെന്ന് മനസ്സിലാക്കാതെയുള്ള വിമർശനങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു.

എന്ന് മലയാളം വിക്കി പ്രവർത്തകർ

പത്രക്കുറിപ്പിന്റെ പൂർണ്ണ രൂപം : http://ml.wikipedia.org/wiki/Wikipedia_CD_Issues_Press_Release

ഈ പത്രക്കുറിപ്പ് പത്ര ദൃശ്യമാദ്ധ്യമങ്ങള്‍ക്കും , ഇതുമായി ബന്ധപ്പെട്ട മറ്റു മെയിലിങ്ങ് ലിസ്റ്റുകളിലേക്കും അയച്ചു കൊടുക്കുന്നതിനും,  താങ്കളുടെ ബ്ലോഗിലും മറ്റു സ്ഥലങ്ങളിലും പ്രസിദ്ധീകരിക്കുന്നതിനും അഭ്യര്‍ത്ഥിക്കുന്നു.

Advertisements
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s