Archive

Posts Tagged ‘വിക്കിപീഡിയ’

വിക്കി സംഗമോത്സവം 2012- പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

March 1, 2012 Leave a comment

വിക്കിമീഡിയ പ്രവർത്തകരുടെ ഒരു കൂട്ടയ്മ വിക്കിസംഗമോത്സവം 2012 എന്ന പേരിൽ ഈ വരുന്ന ഏപ്രിൽമാസം 21, 22 തീയതികളിലായി കൊല്ലത്ത് നടക്കുന്നു. വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് വൈജ്ഞാനിക സ്വഭാവമുള്ള വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധാവതരണം നടക്കുന്നുണ്ട്. ഇതിനുള്ള  അപേക്ഷ ക്ഷണിച്ച വിവരം ഇതിനോടകം നിങ്ങലെല്ലാവരും അറിഞ്ഞിരിക്കുമല്ലോ.

അപേക്ഷ ക്ഷണിച്ച് ഇത്രയധികം ദിവസങ്ങൾ പിന്നിട്ടിട്ടും വളരെ കുറച്ച് അപേക്ഷകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യൻഭാഷാ വിക്കിപീഡിയകളിൽ വച്ച് ഏറ്റവും അധികം സജീവ ഉപയോക്താക്കൾ ഉള്ള വിക്കിപീഡിയ മലയാളമാണ്. ഏറ്റവും കൂടുതൽ വരിക്കാരുള്ള മെയിലിങ് ലിസ്റ്റും നമുക്കാണുള്ളത്. ഇത്രയധികം ജനപിന്തുണ നമുക്കുണ്ടായിട്ടും, മുന്നോട്ട് വന്ന് കാര്യങ്ങൾ സംസാരിക്കാനും, ചർച്ചകൾ നടത്താനും നാം വിമുഖത കാണിക്കുന്നു.

ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വിപുലമായ പരിപാടികളാണ് ഏപ്രിലിൽ കൊല്ലത്ത് വച്ച് നടക്കുന്ന വിക്കിസംഗമോത്സവത്തിനു വേണ്ടി നമ്മൾ ആസൂത്രണം ചെയ്യുന്നത്. ഒരു കോൺഫറൻസിന്റെ പ്രധാന ആകർഷണം അതിലെ പരിപാടികളാനെന്നിരിക്കെ, അതിൽ ഭാഗവാക്കാകേണ്ടത് നാമെല്ലാവരുതന്നെയാണ്, അതുകൊണ്ടുതന്നെ പരിപാടിയെ പൂർണ്ണ വിജയത്തിലെത്തിക്കുക എന്നത് വിക്കിപദ്ധതികളുമായി സഹകരിക്കുന്ന നമ്മുടെ കടമയാണ്.

നിങ്ങളിൽ പലരും വ്യത്യസ്ത വിഷയങ്ങളിൽ പ്രാഗൽഭ്യമുള്ളവരായിരിക്കുമല്ലോ. ‘നിങ്ങളുടെ പ്രവർത്തനമണ്ഡലവും വിക്കിമീഡിയ സംരംഭങ്ങളും‘ എന്ന വിഷയത്തിൽ ഒരു ചെറിയ പ്രബന്ധം അവതരിപ്പിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാവുകയില്ല എന്നു കരുതുന്നു. ഉദാഹരണത്തിന് ഒരു ഡോക്ടർക്ക് ‘ആരോഗ്യസം രക്ഷണത്തിൽ വിക്കിമീഡിയയ്ക്കുള്ള പങ്ക്, വൈദ്യശാസ്ത്ര താളുകൾ വിക്കിപീഡിയയിൽ, വൈദ്യശാസ്ത്ര പ്രൊജെക്ടുകളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കാനായി ചെയ്യേണ്ടതെന്തെല്ലാം, ആരോഗ്യമേഖലയിലെ വിദഗ്ദർക്ക് വിക്കിമീഡിയയിൽ എന്തെല്ലാം ചെയ്യാൻ സാധിക്കും, വൈദ്യശാസ്ത്ര ലേഖനങ്ങൾ വികസിപ്പിക്കാൻ ആവശ്യമായ ടൂളുകൾ എന്നിങ്ങനെ അനവധി വിഷയങ്ങളിൽ പ്രബന്ധവും ചർച്ചയും അവതരിപ്പിക്കാവുന്നതാണ്. ഇനി താങ്കൾ ഒരു നവാഗതനാണെങ്കിൽ ‘വിക്കിമീഡിയ സംരംഭങ്ങൾ: ഒരു നവാഗതന്റെ വീക്ഷണകോണിലൂടെ‘ എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധമാവാം. സജീവ ഉപയോക്താക്കൾക്ക് തങ്ങൾ പ്രവർത്തിക്കുന്ന വിക്കിപദ്ധതികളെപ്പറ്റി സംസാരിക്കാവുന്നതാണ്. ബ്ലോഗിങ് മേഖലയിലുള്ളവർക്ക് വിക്കിമീഡിയയുടെ പ്രചാരണത്തിന് ബ്ലോഗ് എന്ന മാധ്യമം ഉപയോഗിക്കുന്നതിനെ പറ്റി പ്രബന്ധങ്ങൾ അവതരിപ്പിക്കാവുന്നതാണ്.

ഒരാൾക്ക് ഒന്നിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് തടസ്സമില്ല. പ്രബന്ധത്തിന് അപേക്ഷ സമർപ്പിക്കുന്നതിനെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, പ്രബന്ധമെഴുതുവാൻ ആവശ്യമായ വിവരങ്ങൾ വേണമെങ്കിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രമേശ് എൻ ജി, നത ഹുസൈൻ, അനൂപ് നാരായണൻ, വിശ്വപ്രഭ, ശിവഹരി എന്നിവരിൽ ആരെങ്കിലുമായി സംവദിക്കുക. എല്ലാവരും ഉത്സാഹിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ച് ഏപ്രിലിൽ നടക്കുന്ന ഈ മഹാസംഗമത്തെ വിജയത്തിലേക്ക് നയിക്കുക എന്ന് അഭ്യർത്ഥിക്കുന്നു.

[കടപ്പാട്: ചുരുക്കിപ്പറഞ്ഞാൽ]

Advertisements

നാലാമത് വിക്കി പ്രവർത്തക സംഗമം 2011 ജൂൺ 11-നു് കണ്ണൂരിൽ

May 31, 2011 Leave a comment

വിക്കിക്ക് കണ്ണൂരിലേക്ക് സ്വാഗതം. കണ്ണൂരിനു വിക്കിയിലേക്കും!

കണ്ണൂർ വിക്കി സംഗമം പോസ്റ്റർ

കണ്ണൂർ വിക്കി സംഗമം

മലയാളം വിക്കി പഠനശിബിരം മൂന്നിടത്ത്

October 27, 2010 Leave a comment

സൗജന്യ ഓൺ‌ലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പിൽ നിലവിൽ 14,600ൽ പരം  ലേഖനങ്ങളുണ്ട്. മലയാളം വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകൾ, വിക്കിപാഠശാല ഇവയൊക്കെ  മലയാള ഭാഷയെ സം‌ബന്ധിച്ച് പ്രാധാന്യമുള്ളതും വരുംതലമുറയ്ക്ക് വിജ്ഞാനം പകരുന്ന സ്രോതസ്സായി മാറികൊണ്ടിരിക്കുന്നതുമായ മലയാളം വിക്കി പദ്ധതികളാണ്.

 

പക്ഷെ നിലവിൽ വിവിധ മലയാളം വിക്കി സംരംഭങ്ങളിലേക്ക് ഉള്ളടക്കം പ്രദാനം ചെയ്യുന്നത് പ്രധാനമായും പ്രവാസി മലയാളികളാണ്. കേരളത്തിനകത്ത് നിന്നു് മലയാളം വിക്കിസംരംഭങ്ങളിലേക്കുള്ള സംഭാവന വളരെ കുറവാണു്. ഇന്റർനെറ്റ് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും കേരളീയര്‍ക്കിടയിൽ മലയാളം വിക്കീപിഡിയയെക്കുറിച്ചും അതിന്റെ സഹോദര സംരംഭങ്ങളെക്കുറിച്ചുമുള്ള അറിവും ഈ പദ്ധതികളുടെ ആവശ്യകതയും അത്രതന്നെ ബോദ്ധ്യപ്പെട്ടിട്ടില്ല. ഈ പ്രശ്നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഐടി@സ്കൂൾ മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരുടെ സഹകരണത്തോടെ കേരളത്തിലെ വിവിധ ജില്ലകളിൽ വിക്കി പഠനശിബിരം ആസൂത്രണം ചെയ്യുന്നു.

 

ഇതിന്റെ ഭാഗമായി കണ്ണൂർ, കോട്ടയം, കാസർഗോഡ് ജില്ലകളിൽ മലയാളം വിക്കിപഠനശിബിരം നടത്തുന്നു. മലയാളം വിക്കിസംരംഭങ്ങളുടെ പ്രവർത്തനത്തിൽ താല്പര്യമുള്ള ആര്‍ക്കും ഈ പരിപാടിയിൽ പങ്കെടുക്കാം.വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങൾ തുടങ്ങിയവയെ പരിചയപ്പെടുത്തൽ, വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപ്പെടുത്തൽ,വിക്കിതാളുകളുടെ രൂപരേഖ പരിചയപ്പെടുത്തൽ,മലയാളം ടൈപ്പിങ്ങ്,വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ തുടങ്ങി വിവിധ മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങളെ  സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് വിക്കി പ്രവർത്തകർ മറുപടി നൽകുന്നതായിരിക്കും.ഉച്ചയ്ക്ക് 1 മണിമുതൽ വൈകുന്നേരം 5 മണി വരെ നീളുന്ന പഠനക്ലാസ്സിലേക്ക് പ്രവേശനം സൗജന്യമാണ്.

 

പരിപാടിയെക്കുറിച്ചുള്ള വിശദാംശങ്ങൾ

 

കണ്ണൂർ:

 • പരിപാടി: മലയാളം വിക്കി പഠനശിബിരം
 • സ്ഥലം: എസ്.എസ്.എ ഹാൾ, മുനിസിപ്പൽ സ്കൂൾ, കണ്ണൂർ
 • തീയതി: 2010 ഒക്ടോബർ 30 ശനിയാഴ്ച
 • സമയം: ഉച്ചയ്ക്ക്  1:00 മുതൽ വൈകുന്നേരം  5.00 മണി വരെ

രജിസ്റ്റർ ചെയ്യാൻ wiki.malayalam@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കുകയോ, താഴെ പറയുന്ന നമ്പറുകളിൽ ഒന്നിൽ ബന്ധപ്പെടുകയോ ചെയ്യുക: 09986028410 , 98470 39384, 0497 -2701516

 

കോട്ടയം:

 • പരിപാടി: മലയാളം വിക്കി പഠനശിബിരം
 • സ്ഥലം: ബേക്കർ മെമ്മൊറിയൽ ഹയർ സെക്കണ്ടറി സ്കൂൾ,ഓഡിറ്റോറിയം, കോട്ടയം
 • തീയതി: 2010 ഒക്ടോബർ 30 ശനിയാഴ്ച
 • സമയം: ഉച്ചയ്ക്ക്  1:00 മുതൽ വൈകുന്നേരം  5.00 മണി വരെ

രജിസ്റ്റർ ചെയ്യാൻ wiki.malayalam@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കുകയോ, താഴെ പറയുന്ന നമ്പറുകളിൽ ഒന്നിൽ ബന്ധപ്പെടുകയോ ചെയ്യുക: 9895302815, 9846012841, 9447599795

കാസർഗോഡ്:

 • പരിപാടി: മലയാളം വിക്കി പഠനശിബിരം
 • സ്ഥലം: കാസർഗോഡ് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിനടുത്തുള്ള ഐ.ടി @സ്കൂളിന്റെ ജില്ലാ വിഭവ കേന്ദ്രം
 • തീയതി: 2010 ഒക്ടോബർ 31 ഞായറാഴ്ച
 • സമയം: ഉച്ചയ്ക്ക്  1:00 മുതൽ വൈകുന്നേരം  5.00 മണി വരെ

രജിസ്റ്റർ ചെയ്യാൻ wiki.malayalam@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കുകയോ, താഴെ പറയുന്ന നമ്പറുകളിൽ ഒന്നിൽ ബന്ധപ്പെടുകയോ ചെയ്യുക: 88918 69251, 94474 00199

 

ഈ പരിപാടിയികളിലേക്ക് കണ്ണൂർ,കോട്ടയം, കാസർഗോഡ് ജില്ലകളിലുള്ള എല്ലാ മലയാളഭാഷാസ്നേഹികളുടേയും സഹകരണം അഭ്യർത്ഥിക്കുന്നു.

 

ആശംസകളോടെ

ഐടി@സ്ക്കൂൾ കണ്ണൂർ,കോട്ടയം, കാസർഗോഡ് ജില്ലാ കോർഡിനേറ്റർമാർ & മലയാളം വിക്കി പ്രവർത്തകർ

മലയാളം വിക്കിപീഡിയ പഠനശിബിരം കോഴിക്കോട്

October 4, 2010 Leave a comment
Malayalam Wikipedia Academy at Kozhikode

മലയാളം വിക്കിപീഡിയ പഠനശിബിരം കോഴിക്കോട്

ചിത്രത്തിൽ ഞെക്കിയാൽ വലുതായി കാണാം. ഈ പഠനശിബിരത്തിൽ താങ്കൾ സുഹൃത്തുക്കളോടൊപ്പം പങ്കെടുക്കുമല്ലോ?

മലയാളം വിക്കിപീഡിയ സി.ഡി. വിമർശനം – പത്രക്കുറിപ്പ്

July 23, 2010 Leave a comment

വിദ്യാഭ്യാസ വകുപ്പിന്റെ വിഭവ ഡി.വി.ഡി.യിൽ ഉൾപ്പെടുത്തിയ മലയാളം വിക്കിപീഡിയ ലേഖനങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചില കോണുകളിൽ നിന്ന് ഉയർന്നു വന്ന വിമർശനത്തിനുള്ള മലയാളം വിക്കിപീഡിയ പ്രവർത്തകരുടെ ഔദ്യോഗിക മറുപടി.

വിക്കിപീഡിയ ആർക്കും തിരുത്താവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശമാണ്‌. ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ അടഞ്ഞ ഒരു മുറിക്കുള്ളിലിരുന്ന് എഴുതുന്നതല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള വിക്കിപീഡിയ പ്രവർത്തകർ (അല്ലാത്തവരും) പലപ്പോഴായി സൃഷ്ടിച്ചിട്ടുള്ളവയാണ്‌ വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും. മലയാളം വിക്കിപീഡിയയുടെ സ്ഥിതിയും വ്യത്യസ്തമല്ല.
മലയാളം വിക്കിപീഡിയ സി.ഡിക്കു വേണ്ട ലേഖനങ്ങളുടെ തെരഞ്ഞെടുപ്പ് തികച്ചും സുതാര്യമായ രീതിയിലാണ്‌ നടത്തിയത്. മലയാളം വിക്കിപീഡിയയിലും, മലയാളം വിക്കിപീഡിയയുടെ മെയിലിങ്ങ് ലിസ്റ്റിലും ഇതേക്കുറിച്ചുള്ള അറിയിപ്പുകൾ ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഒരു കൂട്ടം പ്രവർത്തകർ അവരുടെ സൗകര്യവും സാഹചര്യവും സമയവും കണക്കിലെടുത്ത് വിക്കിപീഡിയയുടെ നയങ്ങൾക്കനുസരിച്ച് സന്നദ്ധപ്രവർത്തനത്തിലുടെ രൂപപ്പെടുത്തുന്ന വിജ്ഞാനകോശമായതിനാൽ, ഒരു വിഭാഗത്തിലുള്ള ലേഖനം വന്നതിനു ശേഷമേ അടുത്ത വിഭാഗത്തിലുള്ള ലേഖനം വരാവൂ എന്നോ, ഒരു ലേഖനം വന്നതു കൊണ്ട് അതേ വിഭാഗത്തിലുള്ള എല്ലാ ലേഖനവും വരണമെന്നോ ഞങ്ങൾക്ക് നിഷ്കർഷിക്കുവാൻ സാദ്ധ്യമല്ല. അതുപോലെ തുടങ്ങിയ ഒരു ലേഖനം സമയബന്ധിതമായി പുർത്തിയാക്കിയിരിക്കണം എന്ന് ആരേയും നിർബന്ധിക്കാനുമാവില്ല. ഇതൊക്കെ കൊണ്ടുതന്നെ ‌ സി.ഡി ക്കു വേണ്ട ലേഖനങ്ങൾ തെരഞ്ഞെടുക്കൽ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. സി.ഡി. യിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ പ്രതിനിധ്യസ്വഭാവമുള്ളതോ അവശ്യവിഷയങ്ങൾ ഉൾക്കൊള്ളുന്നവയോ ആണെന്ന് മലയാളം വിക്കിപീഡിയ പ്രവർത്തകർ അവകാശപ്പെടുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ ഏതെങ്കിലും രീതിയിലുള്ള പക്ഷപാതം വരാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്.
മലയാളം വിക്കിപീഡിയ സർക്കാർ ഉൾപ്പെടെയുള്ള ഏതെങ്കിലും സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ യാതൊരുവിധ ഇടപെടലുകൾക്കും വിധേയമല്ല. വിവിധ രാഷ്ട്രീയകക്ഷികളിലും മതങ്ങളിലും വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെടുന്നവരും മലയാളം വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഏതെങ്കിലും രീതിയിൽ പക്ഷപാതപരമായ തിരുത്തലുകൾ ഉണ്ടായാൽ സമവായത്തിലൂടെ എത്രയും പെട്ടെന്ന് നീക്കംചെയ്യാനും നടപടിയെടുക്കാനും തക്ക ശക്തമാണ്‌ ഇതിന്റെ കാര്യനിർവ്വണമെന്നത് ആർക്കും പരീക്ഷിച്ചറിയാവുന്നതാണ്‌. അഥവാ എവിടെയെങ്കിലും അങ്ങനെ തോന്നുകയാണെങ്കിൽ ആർക്കും ഉചിതമായ തിരുത്തലുകൾ വരുത്തുകയോ സംവാദത്താളിൽ അതുസംബന്ധിച്ച പ്രശ്നം ഉന്നയിക്കുകയോ ചെയ്യാവുന്നതാണ്‌. ലേഖനങ്ങളിലെ പിഴവുകളുടെ കാര്യത്തിലും ഇതേ രീതിതന്നെയാണ്‌ സ്വീകരിക്കേണ്ടത്.
ഒരു വിജ്ഞാനകോശം എന്ന നിലയിൽ ഉൾപ്പെടേണ്ട ഏതൊരു ഉള്ളടക്കത്തെയും വിക്കിപീഡിയ സെൻസർ ചെയ്യുന്നില്ല. മലയാളം വിക്കിപീഡിയ ഐ.ടി.അറ്റ് സ്കൂളിന്റെ സഹകരണത്തോടെ പുറത്തിറക്കിയ സി.ഡി.യിലും ഇതേ നയമാണ്‌ സ്വീകരിച്ചത്. മലയാളം വിക്കിപീഡിയയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു ആ സംരംഭത്തിന്റെ ഉദ്ദേശ്യം. അദ്ധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ സഹായപ്പെടുന്ന ഒരു പഠനസഹായി ഉദ്ദേശിച്ചായിരുന്നില്ല പ്രസ്തുത സി.ഡി.യുടെ പ്രസിദ്ധീകരണം. ആ രീതിയിൽ അത് ഉപയോഗിക്കാനാവില്ലെന്ന് ഞങ്ങൾ സമ്മതിക്കുന്നു. മലയാളം വിക്കിപീഡിയയെ കുട്ടികൾക്കും അദ്ധ്യപകർക്കും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്‌ അത് സർക്കാർ അദ്ധ്യാപകർക്കായുള്ള ഡി.വി.ഡി.യിൽ ഉൾപ്പെടുത്തിയത്. ഉറവിടം നൽകിക്കൊണ്ട് വിക്കിപീഡിയയിലെ ഉള്ളടക്കം ഏതാവശ്യത്തിനും ആർക്കും ഉപയോഗിക്കാൻ സാധിക്കുന്നതാണ്‌. അത് വിക്കിപീഡിയയെ സംബന്ധിച്ച കാര്യമല്ല.
2010 ഏപ്രിൽ 17നു്, എറണാകുളത്തു് വച്ചു് നടന്ന മൂന്നാമത് മലയാളം വിക്കിസംഗമത്തോടനുബന്ധിച്ചാണു്, മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള 12,000 ത്തോളം ലേഖനങ്ങളിൽ നിന്നു് മികച്ച 500-ഓളം ലേഖനങ്ങൾ തിരഞ്ഞെടുത്ത്, സിഡി ആയി ഇറക്കിയത്. ഈ സംരംഭത്തിലൂടെ ഇന്ത്യൻ ഭാഷകളിൽ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആദ്യത്തെ ഭാഷയായി മലയാളം മാറി. ലോകഭാഷകളിൽ തന്നെ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആറാമത്തെ ഭാഷ ആണു് മലയാളം. ജർമ്മൻ, ഇംഗ്ലീഷ്, പോളിഷ്, ഫ്രെഞ്ച്, ഇറ്റാലിയൻ എന്നീ ഭാഷകൾ ആണു് ഇതിനു് മുൻപ് വിക്കിപീഡിയ സിഡി പുറത്തിറക്കിയത്. വിക്കിപീഡിയ സിഡിയുടെ കാര്യത്തിൽ മലയാളം നടത്തിയ ചെറിയ ചുവടുവെപ്പ് ഇന്ന് മറ്റുള്ള എല്ലാ ഭാഷകൾക്കും മാതൃകയായി തീർന്നു.
മലയാളം വിക്കിപീഡിയയിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളുന്നതും നിഷ്പക്ഷവുമായ 500 ലേഖനങ്ങളാണ്‌ സി.ഡിയിൽ ഉൾക്കൊള്ളിച്ചത്. ഈ ലേഖനങ്ങൾ തിരഞ്ഞെടുത്തതും വിക്കിപീഡിയയിലെ സന്നദ്ധപ്രവർത്തകരുടെ ഒരു സംഘമായിരുന്നു. തെരഞ്ഞെടുത്ത ലേഖനങ്ങൾ എല്ലാം തന്നെ പൂർണ്ണമാണെന്നും അവ നൂറു ശതമാനം ശരിയാണെന്നും ഞങ്ങൾ അവകാശപ്പെട്ടിരുന്നില്ല. കാരണം വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും നിരന്തരമായി തിരുത്തപ്പെടുന്നവയാണ് എന്നതു തന്നെ.
സമകാലികപ്രസക്തിയുള്ള ലേഖനങ്ങൾ സി.ഡിയിലേക്ക് തെരഞ്ഞെടുത്തപ്പോൾ ഞങ്ങൾ നേരിട്ട ഒരു പ്രതിസന്ധി അവയുടെ ഉള്ളടക്കം സമകാലീനമായിരുന്നില്ല എന്നതായിരുന്നു. ഇത്തരം ലേഖനങ്ങൾ പുതുക്കുന്നതിനു താല്പര്യമുള്ള ഉപയോക്താക്കളുടെ എണ്ണക്കുറവു തന്നെയാണ്‌ ഇതിനുള്ള പ്രധാന കാരണം.അടൂർ ഗോപാലകൃഷ്ണൻ, പ്രേംനസീർ തുടങ്ങിയ ലേഖനങ്ങളിൽ ആവശ്യത്തിനു് ഉള്ളടക്കം ഇല്ലാത്തത് കൊണ്ടാണു് അവ നിലവിലെ 500 ലേഖനങ്ങളിൽ ഉൾപ്പെടുത്താൻ കഴിയാതെ വന്നത്. ഇങ്ങനെ ഉള്ളടക്കം ഒട്ടും ഇല്ലാത്തതിനാൽ ഉൾപ്പെടുത്താൻ കഴിയാതിരുന്ന നിരവധി ശ്രദ്ധേയ വ്യക്തികൾ ഉണ്ടു്. ഒരു ഉദാഹരണം യേശുദാസ് തന്നെ. മലയാളം വിക്കിപീഡിയ തുടങ്ങി 7 വർഷത്തിനു ശേഷവും മലയാളികളാകെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രശസ്തരായ മലയാളികളെക്കുറിച്ചുള്ള ലേഖനങ്ങളിൽ പോലും ആവശ്യത്തിനു് ഉള്ളടക്കം ഇല്ല എന്നത് ദൗർ‌ഭാഗ്യകരമാണ്. ഇവിടെയാണു് ഈ വിഷയത്തിൽ കൂടുതൽ അറിവുള്ള ആളുകൾ മലയാളം വിക്കിപീഡിയയിൽ വന്ന് ഇത്തരം ലേഖനങ്ങളുടെ ഉള്ളടക്കം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യം തെളിയുന്നത്. ഇതിനായി എല്ലാ മലയാളികളേയും ഞങ്ങൾ ക്ഷണിക്കുന്നു.
മലയാളം വിക്കിപീഡിയയെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമാണു്:
• മലയാളത്തിൽ സ്വതന്ത്രമായ വിജ്ഞാനശേഖരം മലയാളം വിക്കിപീഡിയയല്ലാതെ വേറെയില്ല.
• മലയാളം വിക്കിപീഡിയയെപ്പറ്റി ഓഫ്‌ലൈൻ ആയി പരാമർശിക്കുന്നതിന്‌ ഈ സി.ഡി.യല്ലാതെ വേറെ എളുപ്പവഴിയില്ല (മികച്ച ലേഖനം കിട്ടുമെന്നതുകൊണ്ടും, അത് ഓഫ്‌ലൈൻ ആയി പ്രദർശിപ്പിക്കാനുള്ള സൗകര്യമുള്ളതുകൊണ്ടും)
• മലയാളം വിക്കിപീഡിയയുടെ സി.ഡി., ഇമേജ് ആയി ഡൗൺലോഡ് ചെയ്യാവുന്ന രീതിയിൽ നൽകിയിരിക്കുന്നതിനാൽ; ഇതിലുള്ള 500 ലേഖനങ്ങളിൽ നിന്നും പിന്നെയൊരു തിരഞ്ഞെടുപ്പ് നടത്തി പ്രസിദ്ധീകരിക്കാനാകില്ല.
സി.ഡിയോടൊപ്പം ഞങ്ങൾ ചേർത്ത ബാദ്ധ്യതാനിരാകരണം എന്ന താളിൽ നിന്നുള്ള ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കട്ടെ.
• ഈ വിജ്ഞാനകോശ സി.ഡി.യുടെ പിന്നിൽ പ്രവർത്തിച്ചവരോ വിക്കിപീഡിയയോ ഇവിടെ കിട്ടുന്ന വിവരങ്ങളുടെ യാതൊരു ഗുണമേന്മാ ഉത്തരവാദിത്തവും വഹിക്കുന്നതല്ല. ഈ സി.ഡി.യിലെ വിവരങ്ങൾ താങ്കൾക്ക് ഉപയോഗപ്പെടുന്നുണ്ടെങ്കിൽ നല്ലത്, ഇല്ലെങ്കിൽ അതിനു് ആരും ഉത്തരവാദികളല്ല. മറ്റ് വിജ്ഞാനകോശങ്ങളും ഇതേപോലുള്ള നിരാകരണങ്ങൾ നൽകുന്നുണ്ടെന്നു് ശ്രദ്ധിക്കുക.
• വിജ്ഞാനകോശ ലേഖനങ്ങൾ തിരഞ്ഞെടുക്കാനും, വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളെ ആശ്രയിക്കാനും ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. വിക്കിപീഡിയയിൽ അത് തിരുത്തുന്നവരുടെ സജീവമായ സമൂഹം വിവിധമാർഗ്ഗങ്ങൾ ഉപയോഗിച്ച് പുതിയതോ മാറ്റംവന്നതോ ആയ ഉള്ളടക്കത്തെ സാധ്യമായത്രയും പരിശോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിക്കിപീഡിയയോ ഈ സി.ഡി.യിലെ ലേഖനങ്ങളോ ഒരു ഏകീകൃത സഹവർത്തിത സംശോധനത്തിനു പാത്രമായിട്ടില്ല; തെറ്റുകളെ അഭിമുഖീകരിക്കുന്ന വായനക്കാർ തന്നെ അവ തിരുത്തുകയോ ലളിതമായി സംശോധനം ചെയ്യുകയോ ആണ് ചെയ്തിട്ടുണ്ടാവുക, അപ്രകാരം ചെയ്യണം എന്നതിന് അവർക്ക് നിയമപരമായി യാതൊരു ബാദ്ധ്യതയുമില്ല, അതുകൊണ്ട് ഈ സി.ഡി.യിൽ ലഭ്യമായ വിവരങ്ങളൊന്നും പ്രത്യേക ഉപയോഗത്തിനു യോഗ്യമെന്നോ, മറ്റെന്തിനെങ്കിലുമോ ഉള്ള യാതൊരു ഗുണമേന്മ ഉത്തരവാദിത്തവും ഉൾക്കൊള്ളുന്നില്ല.
• ഈ സി.ഡി.യിലെ കൃത്യമല്ലാത്തതോ തെറ്റോ ആയ വിവരങ്ങൾ, താങ്കൾ ഉപയോഗിക്കുന്നതു മൂലമുണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങൾക്ക് ഇതിനാവശ്യമായ സേവനങ്ങൾ ചെയ്തുതന്നവരോ, സാമ്പത്തികബാദ്ധ്യത വഹിക്കുന്നവരോ, വിക്കിപീഡിയയിലെ കാര്യനിർവാഹകരോ, ലേഖനങ്ങളിൽ തിരുത്തലുകൾ നടത്തിയവരോ, സി.ഡി.യിലെ ലേഖനങ്ങൾ തിരഞ്ഞെടുത്തവരോ, വിക്കിപീഡിയയുമായോ ഈ സി.ഡി.യുമായോ ബന്ധപ്പെട്ട ആരെങ്കിലുമോ ബാദ്ധ്യസ്ഥരല്ല.
2010 ജൂലൈ 9 മുതൽ 11 വരെ പോളണ്ടിൽ വച്ച് നടന്ന വിക്കിപ്രവർത്തകരുടെ അന്താരാഷ്ട്ര സമ്മേളനമായ വിക്കിമാനിയയിലെ ഒരു പ്രധാന ആകർഷമായിരുന്നു മലയാളം വിക്കിപീഡിയ സിഡിയും, സന്തോഷ് തോട്ടിങ്ങൽ എന്ന മലയാളം വിക്കിപ്രവർത്തകൻ അത് തയ്യാറാക്കാൻ വേണ്ടി നിർമ്മിച്ച wiki2cd എന്ന സൊഫ്റ്റ്‌വെയറും. വിക്കിപീഡിയ സ്ഥാപകരിൽ ഒരാളായ ജിമ്മി വെയിൽ‌സ് തന്റെ പ്രസംഗത്തിൽ ഇക്കാര്യം എടുത്ത് പറയുകയും ചെയ്തു. വിക്കിപീഡിയയിലെ ഉള്ളടക്കം ജനങ്ങളിലേക്ക് എത്തിക്കാൻ വിക്കിപീഡിയകൾ നടത്തേണ്ടുന്ന ശ്രമം വിവരിക്കാൻ തുടങ്ങിയപ്പോൾ മലയാളം വിക്കിപീഡിയ സിഡി കൈയ്യിലെടുത്തു കൊണ്ട് എനിക്ക് ഈ വിഷയത്തിൽ ഇന്ത്യയിലെ ഒരു ചെറിയ ഭാഷ നടത്തിയ മുന്നേറ്റം നിങ്ങളുമായി പങ്കു വെക്കാൻ സന്തോഷമുണ്ടു് എന്ന് പറഞ്ഞ് സിഡി ഉയർത്തിക്കാട്ടി, മലയാളം വിക്കി സമൂഹം സിഡി പുറത്തിറക്കിയ കഥയും അതിനു് വിക്കിസമൂഹം നടത്തിയ പ്രയത്നങ്ങളും പുറത്തുവിട്ടു. അവിടെ കൂടിയിരുന്നവരിൽ പലരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ഈ വാർത്തയെ സ്വീകരിച്ചു.
മലയാളം കമ്പ്യൂട്ടിങ്ങിൽ ഉണ്ടായ ഈ കുതിച്ചു ചാട്ടത്തിലേയ്ക്ക് മലയാളഭാഷയിലുള്ള മാദ്ധ്യമങ്ങളുടെ ശ്രദ്ധ ഇനിയുമേറെ പതിയേണ്ടിയിരിക്കുന്നു. കുറഞ്ഞപക്ഷം, സേവനമനസ്കരായ ഏതാനും മലയാളഭാഷാസ്നേഹികൾ (അതിൽ ഭൂരിപക്ഷവും പ്രവാസി മലയാളികൾ) മുൻ‌കൈയെടുത്ത് പുറത്തിറക്കിയ സിഡിയെക്കുറിച്ച് വിക്കിപീഡിയ എന്താണെന്ന് മനസ്സിലാക്കാതെയുള്ള വിമർശനങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു.

എന്ന് മലയാളം വിക്കി പ്രവർത്തകർ

പത്രക്കുറിപ്പിന്റെ പൂർണ്ണ രൂപം : http://ml.wikipedia.org/wiki/Wikipedia_CD_Issues_Press_Release

ഈ പത്രക്കുറിപ്പ് പത്ര ദൃശ്യമാദ്ധ്യമങ്ങള്‍ക്കും , ഇതുമായി ബന്ധപ്പെട്ട മറ്റു മെയിലിങ്ങ് ലിസ്റ്റുകളിലേക്കും അയച്ചു കൊടുക്കുന്നതിനും,  താങ്കളുടെ ബ്ലോഗിലും മറ്റു സ്ഥലങ്ങളിലും പ്രസിദ്ധീകരിക്കുന്നതിനും അഭ്യര്‍ത്ഥിക്കുന്നു.

മലയാളം വിക്കി പഠനശിബിരം നാളെ ബാംഗ്ലൂരിൽ

June 5, 2010 Leave a comment

മലയാളം വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കാനും മലയാളം വിക്കിസംരംഭങ്ങളെക്കുറിച്ചറിയാനും താല്പര്യമുള്ള ബാംഗ്ലൂർ മലയാളികൾക്കായി 2010 ജൂൺ 6-നു് വൈകുന്നേരം 4 മുതൽ 6.30 വരെ മലയാളംവിക്കി പഠനശിബിരം നടത്തുന്നു. ഡൊമലൂരിലുള്ള “The Centre for Internet and Society-യിൽ വെച്ചാണു് പരിപാടി നടക്കുന്നത്

പരിപാടിയുടെ വിശദാംശങ്ങൾ

പരിപാടി: മലയാളം വിക്കി പഠനശിബിരം
തീയതി: 2010 ജൂൺ 6, ഞായറാഴ്ച
സമയം: വൈകുന്നേരം 4.00 മണി മുതൽ 6:30 വരെ
ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ

 • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപ്പെടുത്തൽ
 • മലയാളം വിക്കിയുടെ സഹോദര സം‌രംഭങ്ങളെ പരിചയപ്പെടുത്തൽ
 • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപ്പെടുത്തൽ
 • വിക്കിതാളുകളുടെ രൂപരേഖ പരിചയപ്പെടുത്തൽ
 • വിക്കി എഡിറ്റിങ്ങ് പരിചയപ്പെടുത്തൽ, വിക്കിയിലെ ലേഖനംമെഴുത്തു്, മലയാളം ടൈപ്പിങ്ങ്, മുതലായവ
 • പുതുമുഖങ്ങളെ മലയാളം വിക്കിസംരംഭങ്ങളിലേക്ക് സ്വാഗതം ചെയ്യൽ

തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങളെ സം‌ബന്ധിച്ചുള്ള ചോദ്യങ്ങൾക്കു് മറുപടി തരാൻ മലയാളം വിക്കി പ്രവർത്തകർ ശ്രമിക്കും.

പരിപാടി നടക്കുന്ന സ്ഥലം: The Centre for Internet and Society
No. 194, 2nd ‘C’ Cross, Domlur 2nd Stage, Opposite Domlur Club
Bangalore , Karnataka, India. PIN-560 071

എത്തിച്ചേരാൻ

എം.ജി റോഡ് ഭാഗത്ത് നിന്നു് വരുമ്പോൾ, ഡൊമലൂർ വാട്ടർ ടാങ്ക് സിഗ്നലിനു മുൻപായി ഇടത്തോട്ട് തിരിഞ്ഞു് ഡൊമലുർ ബി.ഡി.എ കോമ്പ്ലക്സിന്റെ മുൻപിൽ നിന്നും വലത്തോട്ട് തിരിയുക. മുന്നോട്ട് പോയി, ഒരു ചെറിയ പാലം കഴിഞ്ഞതിനു് ശേഷം ഇടത്തോട്ട് തിരിയുക. ഡൊമലൂർ ക്ലബ്ബിന്റെ മുൻപിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ വലതുഭാഗത്ത് കാണുന്ന വെള്ള ചായം പൂശിയ കെട്ടിടത്തിലാണു് The Centre for Internet and Society പ്രവർത്തിക്കുന്നതു് .

രജിസ്റ്ററേഷൻ:

രജിസ്റ്റർ ചെയ്യാൻ mlwikimeetup@gmail.com എന്ന വിലാസത്തിലേക്കു് മെയിലയക്കുക

മലയാളം വിക്കിപ്രവർത്തകരുടെ സംഗമം

April 7, 2010 Leave a comment

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകരുടെ സംഗമം 2010 ഏപ്രിൽ 17 ശനിയാഴ്ച ഉച്ച കഴിഞ്ഞു് 2 മണി മുതൽ 5 മണി വരെ എറണാകുളം ജില്ലയിൽ കളമശ്ശേരിയിലുള്ള രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ വെച്ചു് സംഘടിപ്പിക്കുന്നു.  സ്പേസ്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, ഐടി@സ്കൂൾ, മലയാളം വിക്കിപദ്ധതികളുടെ പ്രവർത്തനത്തിൽ തല്പരരായ വിവിധ സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഈ പ്രാവശ്യത്തെ മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്.

സജീവമലയാളം വിക്കിപ്രവർത്തകർക്കു പുറമേ പൊതുജനപങ്കാളിത്തം കൂടിയുണ്ടെന്നതാണ് ഈ പ്രാവശ്യത്തെ വിക്കിസംഗമത്തിന്റെ പ്രത്യേകത. മലയാളം വിക്കിപ്രവർത്തകർ സംഘടിപ്പിക്കുന്ന മൂന്നാമത്തെ വിക്കി സംഗമം ആണു് ഇതു്.

മലയാളം വിക്കിപദ്ധികളെക്കുറിച്ചുള്ള  അവബോധം മലയാളികൾക്കിടയിലുണ്ടാക്കുക എന്നതാണു് മലയാളം വിക്കിപ്രവർത്തകരുടെ സംഗമം കൊണ്ടുള്ള പ്രധാന ഉദ്ദേശം. അതിനൊപ്പം തന്നെ നിരവധി വർഷങ്ങളായി ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു് മലയാളം വിക്കിപദ്ധികളിൽ പ്രവർത്തിക്കുന്ന  മലയാളം വിക്കിപ്രവർത്തകർ തമ്മിൽ നേരിട്ടു് കാണുകയും അവരുടെ അനുഭവങ്ങൾ പങ്കു് വെക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഉണ്ടു്.

മലയാളം വിക്കി പ്രവർത്തകർ പൊതു ജനങ്ങളുമായി നേരിട്ടു് ഇടപഴുകുന്ന വിവിധ പരിപാടികൾ ഉച്ച കഴിഞ്ഞ് 2:00 മണി മുതലാണു്. പ്രസ്തുത പരിപാടിയുടെ വിശദാംശങ്ങൾ താഴെ.

പരിപാടി: മലയാളം വിക്കിപ്രവർത്തക സംഗമം

സമയം: ഉച്ച കഴിഞ്ഞു് 2.00 മണി മുതൽ 5:30 വരെ

ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

എന്തൊക്കെയാണു് കാര്യപരിപാടികൾ: മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലേഖനങ്ങൽ ഉൾക്കൊള്ളുന്ന സി.ഡി.യുടെ പ്രകാശനം,  മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തൽ, എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക, മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം, തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള അനുബന്ധ വിഷയങ്ങളുടെ അവതരണം,  മലയാളത്തിലുള്ള വിവര സംഭരണ സംരംഭങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള സെമിനാർ, പത്രസമ്മേളനം.

സ്ഥലം: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, കളമശ്ശേരി

എത്തിച്ചേരാനുള്ള വഴി: എറണാകുളത്തു നിന്നും ആലുവയിലേക്ക് വരുന്ന വഴി എന്‍.എച്ച്-47 ൽ എച്ച്.എം.ടി ജംങ്ഷന്‍ കഴിഞ്ഞതിനു ശേഷം ഇടതുവശത്തായിട്ടാണ് രാജഗിരി കോളേജ്.

രജിസ്റ്ററേഷൻ: പരിപാടിക്ക് രജിസ്റ്റർ ചെയ്യാൻ
mlwikimeetup@gmail.com എന്ന വിലാസത്തിലേക്കു്  ഇമെയിൽ അയക്കുകയോ താഴെ കാണുന്ന മൊബൈൽ നമ്പറുകളിൽ വിളിക്കുകയോ ചെയ്തു് പങ്കെടുക്കാനുള്ള താങ്കളുടെ താല്പര്യം അറിയിക്കുക.
ഇമെയിൽ  വിലാസം: mlwikimeetup@gmail.com

മൊബൈൽ നമ്പറുകൾ:

  സുഗീഷ്  സുബ്രഹ്മണ്യം: 9544447074
  രാജേഷ് ഒടയഞ്ചാൽ: 9947810020
  അനൂപ്  പി.: (0) 9986028410
  രമേശ് എൻ.ജി.: (0) 9986509050

മലയാളഭാഷയെ  സ്നേഹിക്കുകയും വിജ്ഞാനത്തിന്റെ വികേന്ദ്രീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവരുടേയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.

മലയാളം വിക്കിപ്രവർത്തകർ
2010 ഏപ്രിൽ 07